Thursday 3 March 2016

നിറകൺകളിലൂടെ

നിറ കണ്‍കളിലൂടെ

ഈ മലഞ്ചെരുവില്‍ പ്രകൃതിഭംഗി ആസ്വദിച്ച് എപ്പോഴാണ് ജീവിതം അവസാനിയ്ക്കുക എന്ന ചിന്തയുടെ മറവില്‍ ഓരോ ദിനങ്ങളും തള്ളി നീക്കുകയാണ് ഞാന്‍. ഒരല്പം അടിതെറ്റിയാല്‍ താഴേക്ക് പതിയുമെന്ന ഭയഭീതിയോടെ ഈ മലഞ്ചെരുവില്‍ എനിക്ക് ഞാനും സുഖമില്ലാത്ത അമ്മയും ഏത് സമയവും മദ്യപിച്ച് ബീഡിയും വലിച്ച് ജീവിതം തുലക്കുന്ന ഒരാങ്ങളയും. ആരും ചോദിക്കാനില്ല, നോക്കാനില്ല എന്ന ചിന്താഗതിയാണ് അവനെ നാശത്തിലേക്ക് കൊണ്ടുപോകുന്നത്.  പിന്നെ പറയണോ....? വലിയ വീട്ടിലെ പിള്ളേരുമായുള്ള കൂട്ട്കെട്ടും. നഗര വെളിച്ചത്തില്‍ അല്പം ഉള്ളിലായ് ശക്തിയായ് പെയ്തൊഴിയുന്ന മഴയിലോ ഒരു നല്ല കാറ്റിലോ അവസാനിക്കുന്നതാണീ ജിവന്‍.
എപ്പോള്‍ മുങ്ങുമെന്നറിയാത്ത കപ്പലിലാണ് ജീവിതയാത്ര. വീട് വിട്ട് പുറത്തിറങ്ങുക എന്നത് ഭയഭീതി നിറഞ്ഞ കാര്യമാണ്. ഞാന്‍ ജോലിക്കു പോകുമ്പോള്‍ അമ്മക്കുള്ളതെല്ലാം ചെയ്തുവെച്ച്, അമ്മയെ വീട്ടില്‍ പൂട്ടിയിട്ടാണ് പോവാറ്. അമ്മയെ പൂട്ടിയിട്ട് കാണാമറയത്ത് ഒരല്പം സമയത്തേക്കാണെങ്കിലും മാറിനില്‍ക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല. മറ്റൊരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.
ജോലി കഴിഞ്ഞ് അമ്മയുടെ ദയനീയമായ മുഖവുമോര്‍ത്ത് ഓടിവരുന്ന എനിക്ക് ചില സമയം അമ്മയെ കൊല്ലാനുള്ള ദേഷ്യം വരും. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല. എന്‍റെ തലേലെഴുത്ത്. അത് മാറ്റി എഴുതാന്‍ കഴിയില്ലല്ലോ? എനിക്ക് ലഭിക്കാത്ത സ്നേഹവും, സന്തോഷവും മറ്റു കുട്ടികള്‍ അനുഭവിക്കുമ്പോള്‍ അവരോട് അസൂയ തോന്നാറുണ്ട്. ചെറു പ്രായത്തില്‍പോലും സ്നേഹവും ലാളനയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം കാണുമ്പോള്‍ നീറ്റലായ് അത് പിന്നെ പുകച്ചിലായ് മനസ്സിലൊരു മുറിവായ് ആരും കാണാതെ ഉള്ളിലൊളിപ്പിച്ച് തേങ്ങിക്കരയാനേ എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് കഴിയൂ. പിടിച്ച് പറിക്കാന്‍ കഴിയുന്ന ഒന്നല്ലല്ലോ സ്നേഹം.
ഭാഗ്യമുള്ളവന്‍ അനുഭവിക്കും. എന്നെപ്പോലുള്ളവര്‍ വിധിയെ പഴിച്ച് കാലം കഴിക്കും. എനിക്ക് പേരിട്ടതാരാണ് എന്നോ, അച്ഛനാരാണ് എന്നോ എനിക്കറിയില്ല. അതൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല. ഒന്ന് മാത്രമറിയാം. ആരുമറിയാതെ ഒന്നിനെയും നോവിക്കാത്ത രണ്ട് ജീവനുകളാണ് ഇവിടെയുള്ളത്. ഞങ്ങളെപ്പോലെ ദിനങ്ങള്‍ വലിച്ച് നീട്ടിക്കൊണ്ടിരിക്കുന്ന ഒരുപാട് ജനത ഇരുളില്‍ ലോകത്തിന്‍റെ പല കോണുകളിലായി ഉണ്ടായേക്കാം. ഏത് വഴിയിലേക്ക് പോകണമെന്നോ, ഏത് ലക്ഷ്യത്തിലെത്തണമെന്നോ എന്നറിയാതെ വഴിയരികില്‍ തനിച്ചായവര്‍. അത്തരം പ്രകൃതിയുടെ നിറകാഴ്ചകളിലൊന്നാവാം എന്‍റെ ജീവിതവും. ആലോചനയില്‍ നിന്ന് ഉണര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ നിറകണ്‍കളിലൂടെ ഞാന്‍ കണ്ടത് രക്തക്കളമാണ്. ഉണ്ടെന്ന് പറയാന്‍ ആകെയുണ്ടായിരുന്ന നിശ്വാസം. ഒരു സുപ്രഭാതത്തില്‍ അതും പൊലിഞ്ഞു. ഒരുപാട് നിറകാഴ്ചകള്‍ കണ്ട് ഈ നഗരത്തില്‍ എന്നെന്നേക്കുമായ് ഞാന്‍ തനിച്ചായി. ഈ നിറകണ്‍കളിലൂടെ ആ കാഴ്ചയും ലോകകാഴ്ചയും എനിക്ക് മാത്രമായി. അന്യരുടെ മുറിവുണക്കാനായി എന്നെപ്പോലുള്ള പാവങ്ങളും. ഞങ്ങളുടെ മുറിവ് നീറ്റലായ് പുകച്ചിലായ് പൊട്ടിക്കീറുന്ന വേദനയായി ഒരു പ്രത്യേക തരം അനുഭൂതിയുടെ മറവില്‍ "ഞങ്ങളും."

No comments:

Post a Comment