Thursday 3 March 2016

നിറകൺകളിലൂടെ

റോസപ്പൂവ്

വെളിച്ചേമ്പിന്‍റെ ഇലയില്‍ വെള്ളമൊഴിച്ചാല്‍ എന്ത് രസമായിരിക്കും, ആ കാഴ്ച നിരീക്ഷിക്കാന്‍ - ഒരു ചെറു ബോള്‍ പോലെ ഒത്തുകൂടിയിരിക്കും. മറ്റ് ഇലകളെ അപേക്ഷിച്ച് ഇതിനുള്ള ഒരു സവിശേഷത കൂടിയാണിത്. വിനുമാഷ് കാര്യങ്ങളിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ ഒരു വിദ്യാര്‍ത്ഥി. സാറെ, ചേമ്പിന്‍റെ ഇല കാണാന്‍ നല്ല ഭംഗിയാണ്. വിനു സാറ് ഗൗരവഭാവത്തില്‍ കുട്ടി പറയുന്നത് ശ്രദ്ധിച്ചു. ബാക്കിയുള്ളത് കുറച്ച് നേരമാണ്. അതിനിടയില്‍ നിന്‍റെയൊരു ശിങ്കാരം. ഒന്നു പോ - തമാശ ഭാവത്തിലാണ് സാറ് പറഞ്ഞത്. മാത്രമല്ല വാക്കുകള്‍ മുഴുമിക്കും മുമ്പ് തന്നെ പിരിയഡ് കഴിഞ്ഞ ബെല്ലടിച്ചു.
ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എനിക്കും ഒരു പ്രണയ കഥയുണ്ടായിരുന്നു. പേര് ഭാമ. നല്ലകുട്ടിയായിരുന്നു. വലിയ പണക്കാരന്‍റെ മകളാണ്. പാവം ആ കുട്ടി ഒരുപാട് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരുന്നു. ഞാനാണ് എന്നിലേക്ക് അവളെ അടുത്ത് നിര്‍ത്തിയത്. ഛേ..... മനസാക്ഷിയാവണം എന്‍റെ ആലോചനാമുഖം പാടെ മായിച്ച് കളഞ്ഞു. ഇപ്പോള്‍ ശൂന്യമാണ്. അഴികളില്ലാത്ത ആകാശംപോലെ. പിന്നെ എത്ര ആലോചിച്ചിട്ടും ആ മുഖം തിരിച്ച് കിട്ടുന്നില്ല. ഭീകരരൂപിയുടെ മുഖംപോലെയുള്ള ഒരാളുടെ മുഖമാണ് പിന്നെ എന്‍റെ മനസ്സില്‍ തെളിയുന്നത്.
എന്ത് തന്നെയായാലും ആ പ്രണയകാലം എത്ര സുന്ദരമായിരുന്നു. ഓര്‍ക്കാന്‍ ഒരുപാട് രസമുള്ളതും, ഓര്‍ത്താല്‍ ദുഃഖിക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍. ഞാന്‍ ഭക്ഷണം കഴിക്കാത്ത ദിവസങ്ങളില്‍ എന്‍റെ മുമ്പിലേക്ക് ചോറ്റുപാത്രം നീട്ടിയ എന്‍റെ മുത്ത്. പ്രണയ സ്വത്ത്.
എന്‍റെ നിര്‍ഭാഗ്യം! കണ്ണീരാല്‍ ഒരു ദിവസം അവളെന്നരികില്‍ വന്നു. തക്കാളിപ്പോലെ ചുമന്നിരുന്നു ആ മുഖം. ആ മുഖത്തില്‍ ഒഴുകി വരുന്ന കണ്ണീരിന് വെള്ളചാട്ടത്തെക്കാള്‍ ശക്തിയും ദുഃഖകാരണവും വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ '25' എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ്. ഈ കാപട്യലോകത്തില്‍ എന്ത് തന്നെ വന്നാലും ഞാന്‍ സഹിക്കും. പക്ഷേ അവള്‍ എനിക്ക് നഷ്ടമായ ആ ഒരു ദിവസം ഞാന്‍ മറക്കില്ല. അവള്‍ എന്നെ മറന്നോ എന്ന് എനിക്കറിയില്ല. എന്തായാലും ഓര്‍ക്കാറുണ്ടാകില്ല. ഞാന്‍ മറന്നിട്ടില്ല. അവള്‍ പോയതില്‍ പിന്നെ ഞാന്‍ തനിച്ചാണ് എല്ലാ കാര്യത്തിലും. ജീവിതത്തിലും. അന്ന് മുതല്‍ എന്‍റേത് ഏകാന്ത വാസമാണ്. ഞാന്‍ അവളെ ഓര്‍ക്കാത്ത ദിനങ്ങള്‍ കുറവാണ്. ഇന്നവള്‍ എനിക്കന്യയാണ്. പക്ഷേ..., കാലമല്ലല്ലോ സ്നേഹത്തിനാഴം. എന്നെ അവള്‍ എത്രത്തോളം മനസ്സിലാക്കി എന്നറിയില്ല. ഞാന്‍ അവളെ മനസ്സിലാക്കി വാനോളം എല്ലാം അറിഞ്ഞ് സ്വീകരിക്കാനും തയ്യാറായി. പക്ഷേ.... സാഹചര്യം ഞങ്ങള്‍ക്ക് എന്തുകൊണ്ടോ എതിരായി. ഞങ്ങള്‍ ഒരിക്കലും കാണാത്ത വിധം അകന്നു. അതില്‍ പിന്നെ ഇന്നേവരെ ഞാന്‍ ഉഷസിനെ കണ്ടിട്ടില്ല. ഒരിക്കലും ഇനി അവള്‍ എന്‍റേതാകില്ല എന്നറിയാം. എന്നാലും. അവള്‍ എവിടെയായാലും സുഖമായി ജീവിക്കുന്നു എന്നറിഞ്ഞാല്‍ മതി. അതാണെന്‍ നിശ്വാസം. അവളിലെ സുഖം. ഇന്നൊരല്പം നേരത്തെ പോകണമെന്ന് പറഞ്ഞതാണ്. പക്ഷേ ഇന്നൊരല്‍പ്പം നേരം വൈകിപ്പോയി. ആലോചനാമുഖം അടച്ച് കിടന്നുറങ്ങുമ്പോള്‍ 12.35 ആയിരുന്നു സമയം. ആ കാലം... ആ ഇനി പറഞ്ഞിട്ടെന്താ. പോയകാലം തിരികെ വരില്ലല്ലേ. പഠനത്തില്‍ ഞാനത്ര മുമ്പിലല്ലായിരുന്നു. അവള്‍ നല്ലവണ്ണം പഠിക്കുമായിരുന്നു. എന്നെ മുമ്പിലേക്ക് കൊണ്ടുവന്നതും ഈ നിലയില്‍ ഞാനെത്തിയതും അവള്‍ കാരണമാണ്. കാമുകി മാത്രമായിരുന്നില്ല. എന്‍റെ അധ്യാപികയും എന്‍റെ ഇന്നുള്ള സൗഭാഗ്യങ്ങളുടെയെല്ലാം ദേവത തന്നെയാണ്. ആ മുത്ത്. വെറും പ്രണയ കാമുകി എന്ന് മാത്രം പറഞ്ഞാല്‍ ഒരുപക്ഷേ നുണ പറയുന്നതിന് തുല്യമാവും. എന്‍റെ ജീവിതത്തിലെ വെള്ളി വിളക്കാണവള്‍. ഒരിക്കലുമണയാത്ത ദീപം.
നിലാവത്ത് നക്ഷത്രങ്ങളെപ്പോലെ ഒരിക്കലും മായാത്ത വെളിച്ചമാണ്. ആ തിരു വിളക്ക് എന്‍റെ ആലോചനയിലെ അര്‍ത്ഥവ്യാപ്തിയേറിയ ഗന്ധം അവള്‍ തന്നെയാണ്. ഇപ്പോള്‍ അവള്‍ അന്യന്‍റേതാണ്. എന്നാലും   അവളെ ഒന്ന് കാണാന്‍ കൊതിയുണ്ട്. അത് എന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ബാല്യകാലം മുതല്‍ ആഗ്രഹിച്ച ഒരു മുത്ത് തന്നെയായിരുന്നു അവള്‍.
"നിര്‍ഭാഗ്യകരം എന്ന് പറയട്ടെ. അവള്‍ എനിക്ക് നഷ്ടമായി". കിട്ടാത്ത മുന്തിരി പുളിക്കും എന്ന പഴമൊഴിപോലെഎനിക്കവളും മാധുര്യമേറിയ മുന്തിരങ്ങയായി അവള്‍ എന്നും എന്‍റെ നെഞ്ചിലെ വേദനയായി. എന്‍റെ ജീവിതകാലം ചെറുതാണ്. അവള്‍ക്കത് ഒരുപക്ഷേ വലിപ്പമുള്ളതായി തോന്നിയേക്കാം. കാരണം അവളുടെ ജീവിത നിലയം എങ്ങനെയെന്ന് നിശ്ചയമില്ലല്ലോ. കൈപ്പാണോ? മാധുര്യമാണോ? എവിടെയായാലും ജീവിതം ശുഭമായാല്‍ മതി.
ഒന്നു കാണാന്‍ കണ്ണുകള്‍ തുടിച്ചിരുന്നു. എന്നാല്‍ ആശങ്ക മാത്രമാണ് എന്‍റെ ജീവിത സമ്പത്ത്. ഒരു ചെറിയ കുട്ടിയാണെന്ന ആലോചനയില്‍ നിന്നും ഉണര്‍ത്തിയത് തികച്ചും അത്ഭുതകരമായ കാഴ്ചയായിരുന്നു. അത് എന്‍റെ കാമുകിയുടെ മകള്‍. അവളുമുണ്ട് കൂടെ. എന്താണ് താന്‍ വീണ്ടും ആലോചിതനായോ - എന്‍റെ റോസ് എങ്ങനെ എന്‍റെ മുമ്പില്‍. അവിശ്വസനീയമായ കാഴ്ച തന്നെ. ഞാനവളുടെ സുഖവിവരങ്ങള്‍ തിരക്കി. സുഖം എന്ന മറുപടിയും കിട്ടി. അവള്‍ ഇപ്പോള്‍ സൗദിയിലാണെന്നും പറഞ്ഞു. നല്ല തടിയുണ്ട്. മാത്രമല്ല മുഖം കൂടുതല്‍ പ്രകാശിക്കുന്നത്പ്പോലെ തോന്നി. മുടി അഴകിന് ഒരു വ്യത്യാസവുമില്ല. അവളുടെ മുഖം വെളുത്ത തക്കാളിപ്പോലെ ചുമന്നിരുന്നു. റോസ് എന്ന പേരിന്‍റെ പ്രസക്തി ഇപ്പോഴാണ് അവള്‍ക്ക് ചേരുന്നത് എന്ന് തോന്നുന്നു. കൂടുതല്‍ നിന്നില്ല. അവള്‍ വേഗം പോയി. അപ്പോഴാണ് കൂടെയുള്ളയാളെ ഞാന്‍ കാണുന്നത്. അദ്ദേഹം അവളുടെ ഭര്‍ത്താവാണ്. എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് അയാളും പോയി. അവളുടെ മുഖത്തും ഞാന്‍ കണ്ടു. പുഞ്ചിരിയുടെ തിരിതാളവും. സ്നേഹാര്‍ദ്രമായ മിഴി അഴകുകളിലൂടെ ചിമ്മി ചിമ്മി പെട്ടെന്ന് മിന്നി മറഞ്ഞു. ഞാനോര്‍ക്കുന്നു 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ചുമന്ന റോസാപ്പൂവ് അവള്‍ എനിക്ക് സമ്മാനിച്ചത്. അന്ന് അവളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരിയും സ്നേഹമൊഴികളും മാത്രമായിരുന്നു. അവള്‍ ഒന്നുമാത്രം പറഞ്ഞു. എന്നെ മറക്കരുത്. പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കാണെങ്കിലും എന്‍റെ ഹൃദയത്തില്‍ ഒരു വേദനയായി പുകച്ചിലായി. അതങ്ങനെ അഗാധമായി വിസ്മയിപ്പിക്കുന്ന ഒരു വാക്കാണ്. എങ്കിലും എന്‍റെ റോസ് എന്നെന്നേക്കുമായ് എനിക്ക് നഷ്ടമായി. എങ്കിലും അവളെന്നും എന്‍റെ നിറം മങ്ങാത്ത റോസ് ആണ്.

No comments:

Post a Comment