Monday 29 February 2016

നിറകൺകളിലൂടെ

ചാറ്റിംഗ് ഫ്രണ്ട്

പ്രഭാതം പുലര്‍ന്ന സുന്ദരമായ ഗ്രാമം. ആ ഗ്രാമത്തെ ഇത്രത്തോളം സുന്ദരമാക്കിയത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. പച്ച പരവതാനി വിരിച്ച പോലെയുള്ള വയലുകളും വൃക്ഷത്തലപ്പുകളും അനന്തസുന്ദരമായ നീലാകാശവും കിളികള്‍തന്‍ ശ്രുതി മധുരമായ കളഗീതങ്ങളും. ഒക്കെക്കൂടി തികച്ചും മനോഹരമായൊരു ഗ്രാമം.
പക്ഷേ ഈ ഗ്രാമത്തില്‍ തന്നിഷ്ടക്കാരിയായ റീന. തന്നെക്കാള്‍ വലുതായി ആരുമില്ല, തന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ താനായി എന്ന അഹംഭാവമായിരുന്നു. വളരെ മോഡേണായിട്ടാണ് അവള്‍ നടക്കാറ്. ആരുടെ വാക്കുകളും ഗൗനിക്കാറില്ലാത്ത പൊട്ടിപെണ്ണ്.
ആലോചനയുടെ മുഖവുരയില്ലാതെയാണ് എല്ലാ കാര്യവും ചെയ്യാറ്. സ്നേഹാര്‍ദ്രമായ മൊഴികളും സ്നേഹമാലകള്‍ കോര്‍ക്കും വിധത്തിലുള്ള വാത്സല്യത്താലും അവളെ രാജകുമാരിയാക്കി വളര്‍ത്തുന്ന മാതാപിതാക്കളെ അവള്‍ ഒരിക്കലും ഓര്‍ക്കാറില്ല. അവള്‍ എന്താവശ്യപ്പെട്ടാലും വാങ്ങി കൊടുക്കും. ഇത്തരം പ്രവൃത്തികള്‍ തന്നെയാണ് ഈ കുട്ടിയെ വഷളാക്കി കൊണ്ടിരിക്കുന്നത്. ഒരു മകളല്ലെ എന്ന് കരുതി "നിലത്തിരുത്തിയാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും" എന്ന പഴമൊഴി പോലെ വല്ലാതെ സ്നേഹിച്ചു. സ്നേഹവും അമിതമായാല്‍ വഷളാകും.
എല്ലാവരും സന്തോഷത്തോടെ നല്‍കുന്നതാണ് സ്നേഹോപഹാരങ്ങള്‍. അവളുടെ ജന്മദിനത്തില്‍ സമ്മാനമായി അച്ഛനൊരു ലാപ്ടോപ്പ് വാങ്ങി കൊടുത്തു. ഇതും ഒരു സ്നേഹോപഹാരം. സ്നേഹോപഹാരങ്ങള്‍ ചിലപ്പോള്‍ സംതൃപ്തിയുള്ളതാകും. എന്നാല്‍ മറ്റൊരു സമയം കണ്ണീരാവാം.
വൈകാതെ അവള്‍ നെറ്റ് കഫെയില്‍ നിന്നുള്ള ചാറ്റിംഗ് വീട്ടില്‍ നിന്നായി. അതിലൂടെ അവള്‍ക്കൊരു ചാറ്റിംങ്ങ് ഫ്രണ്ടിനെയും കിട്ടി. എല്ലാ കാര്യങ്ങളും അവള്‍ അവനുമായി പങ്കുവെച്ചു. അവര്‍ പരസ്പരം കാണാതെ ഒരുപാട് സംസാരിച്ചു. സ്നേഹ മൊഴികളും തേന്‍തുള്ളി പോലുള്ള പുഞ്ചിരിയും മാത്രം. അവന്‍റെ മുഖം അവള്‍ കണ്ടിട്ടില്ല. വാക്കുകളില്‍ കൂടി അടുത്തുപോയ കുഞ്ഞുമനസ്സു മാത്രം. പ്രായത്തിന്‍റെ പക്വതയില്ലായ്മ അവളുടെ സ്വഭാവ ശുദ്ധി പാടെ നശിപ്പിച്ചു. അവള്‍ ചെയ്തിരുന്ന തെറ്റുകളെ അവള്‍ തിരിച്ചറിഞ്ഞില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ അമ്മ ചായയുമായി അവളുടെ മുറിയില്‍ വന്നപ്പോള്‍ കണ്ടത് മൂന്ന് വരിയില്‍ എഴുതി ഒരു കത്തിയ കടലാസിലെ അക്ഷരക്കൂട്ടങ്ങളാണ്. അവളെ കണ്ടില്ല. അന്നു മുതല്‍ അച്ഛന്‍ നല്‍കിയ സ്നേഹോപഹാരം അവര്‍ക്കിടയിലെ ദുഃഖവുമായി. മാധ്യമങ്ങളിലെല്ലാം പരസ്യം നല്‍കി. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഫലമില്ല. തീരാദുഃഖത്തിന്‍റെ രാവുകളില്‍ ആ അച്ഛന്‍ ഓര്‍ത്തു: എന്നാണവളുടെ കടമയുടെ കൈപുസ്തകം കളവ് പോയത്. എന്നു മുതലാണ് പക്വതയില്ലായ്മ അവളെ പ്രതികൂലമായി ബാധിച്ചത്, അവളിത്രത്തോളം ക്രൂരമായത്.
ആലോചനയുടെ ദിനരാത്രങ്ങള്‍ കടന്നുപോയി. അന്വേഷണത്തിനൊടുവില്‍ ഏറ്റവും ഗുരുതരമായ ഒരു അവസ്ഥയില്‍ മകളെ കണ്ടുമുട്ടി. ആ നിമിഷത്തില്‍ ശാസിക്കാനോ കൈ ഉയര്‍ത്തി ഒന്ന് തല്ലാനോ ആ അച്ഛന് കഴിഞ്ഞില്ല. പരസ്പരം കണ്‍കളില്‍ നോക്കി മിഴികള്‍ സംസാരിക്കും വിധം പൊട്ടി പൊട്ടി കരഞ്ഞു. ഒരു സുപ്രഭാതത്തില്‍ തെരുവിന്‍റെ മകളായി അവളെ വലിച്ചെറിഞ്ഞ് തന്‍റെ കാമുകന്‍ പോയി. തെറ്റുകളെ അവള്‍ മനസ്സിലാക്കി തന്നിലെ പക്വതയില്ലായ്മയാണ് തന്നെ ഇങ്ങനെയാക്കിയതെന്ന് അവള്‍ക്ക് ബോധ്യമായി. തന്നെ വഞ്ചിച്ച ആ കള്ള കാമുകന്‍ ഇനിയും മറ്റാരെയെങ്കിലും വഞ്ചിക്കാന്‍ തുനിയുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവള്‍ വീണ്ടും ചാറ്റ് ചെയ്തു. അപ്പോഴാണ് അത്ഭുതകരമായ ആ വാര്‍ത്ത അവള്‍ അറിഞ്ഞത്. താന്‍ തെറ്റിദ്ധരിച്ച തന്‍റെ സുഹൃത്തല്ല അന്ന് അവിടെ വന്നത്. അവന് പകരം മറ്റാരോ ആയിരുന്നു. ഈ സംഭവത്തെ ഉള്‍കൊള്ളാന്‍ തന്‍റെ സുഹൃത്തിനുപോലും സാധിച്ചില്ല. അവന്‍ അവളുടെ വീട്ടില്‍ വന്നു. താനറിയാതെയാണെങ്കിലും താന്‍ നിമിത്തം പേരുദോഷം കേള്‍ക്കേണ്ടി വന്ന അവളുടെ ജീവിതം താന്‍ സ്വീകരിക്കാം. അവന്‍റെ വാക്കുകള്‍ പൂര്‍ണമാകും മുമ്പെ അവളുടെ അച്ഛന്‍റെ കണ്‍കളില്‍ അശ്രു കണങ്ങള്‍ ഒഴുകി. പിന്നെ ആരായിരുന്നു അവിടെ വന്നത്? എന്ന സംശയം. അത് നിയമ പാലകരേയും ഏല്‍പ്പിച്ചു.
ഇപ്പോള്‍ അവള്‍ തന്നിഷ്ടക്കാരിയല്ല. എടുത്ത് ചാട്ടകാരിയല്ല. സ്നേഹബന്ധങ്ങളുടെ വിലയറിയുന്ന ഒരു നാടന്‍ പെണ്‍കുട്ടിയായ് കുടുംബിനിയായ് സന്തോഷപൂര്‍വ്വം കഴിയുന്നു.

No comments:

Post a Comment